3 ജി

വെട്ടുക്കണ്ടം

വെട്ടുപന്ത് കളി കഴിഞ്ഞപ്പോൾ അനിയനൊരു തോന്നലുണ്ടായ് വെട്ടുകണ്ടത്തിലെ കടപ്ലാവിൽ വലിഞ്ഞൊന്ന് കേറണം. അവൻ മാമച്ചനെ കൂട്ട് വിളിച്ചു .മാമച്ചന്റെ കൂടെ കുറെ കാക്കിലകളും കലപിലകളുമായ പൈതങ്ങളും വന്നു.  അനിയൻ വരമ്പിൻ വക്കത്തിരുന്ന് കടപ്ലാവിനെ മൊത്തത്തിലൊന്ന് നോക്കി എണ്ണിയാലൊടുങ്ങാത്ത ശിഖര തട്ടുകൾ പലവഴിക്ക് പടർത്തി  ആനചെവി പോലത്തെ വെഞ്ചാമരയിലകൾ കാറ്റിലാടിച്ചുക്കൊണ്ട് ആ വലിയ വൃക്ഷം ആരെയും കൂസാതെ മാനം തൊട്ടങ്ങനെ നിൽക്കുന്നു.മാമച്ചൻ കടപ്ലാവിനെ കെട്ടിപ്പിടിച്ച് കൈകൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ നോക്കി എന്നാൽ ഇനിയും രണ്ട് മാമച്ചന്മാരുടെ കൈകൾ കൂടിയുണ്ടെങ്കിൽ മാത്രമാണ് തനിക്ക് ആ  ലക്ഷ്യത്തിലെത്താൻ കഴിയുക എന്ന് മനസിലാക്കി അവനാ ശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞു.
മാമച്ചനും പൈതലുകളും നോക്കി നിൽക്കെ ഒരു മർക്കിടകുമാരന്റെ സാമർത്യത്തിൽ  അനിയൻ കടപ്ലാവിൽ കൊമ്പത്തേയക്ക് വലിഞ്ഞു കയറി. കൊമ്പിൻ ചില്ലകളിലൂടെ അവൻ വളഞ്ഞും പുളഞ്ഞും കയറി പോകുന്നത് കാണാൻ ഒരു പ്രത്യേക രസം തന്നെയായിരുന്നു.ചില്ലകളിൽ നിന്ന് ചില്ലകളിലേയക്ക് അനിയൻ  കാലെടുത്ത് വെക്കുമ്പോൾ മാമച്ചൻ മരച്ചോട്ടിൽ നിന്ന് അത് സൂക്ഷമതയോടെ ആവർത്തിക്കാൻ ശ്രമിച്ചുക്കൊണ്ടിരുന്നു. മേലേയ്ക്ക് നോക്കുന്ന പൈതങ്ങൾക്ക് അനിയനിപ്പോൾ മേഘത്തെ തൊടുമെന്ന് തോന്നിപ്പോയി. അവൻ കടപ്ലാവിന്റെ കാതൽ തടിയിലൂടെ  ഇഴഞ്ഞു കയറി അങ്ങ് തുഞ്ചത്തുള്ള തളിരിലകളിൽ തൊട്ടിരിക്കുന്നു  അവനവയെല്ലാം വകഞ്ഞുമാറ്റി തന്റെ തലയെ പുറത്തേയ്ക്കെടുത്ത് ഉയർത്തി വെട്ടുകണ്ടത്തിന്റെ അതിർത്തികളും കടന്ന് അവന്റെ കണ്ണുകൾ പുളിങ്കൊമ്പ് ജംഗഷൻ വഴി കാവിപറമ്പിലെ തേവരുടെ അണയാവിളക്കിൽ തൊട്ടു. കൈകൾ രണ്ടും ചേർത്ത് കോളാമ്പി പോലെയാക്കിട്ടവൻ  ചുറ്റിനും വലം വെച്ച് ഉറക്കെയൊന്ന് കൂവി. നിശബ്ദമായി കിടന്ന വെട്ടുക്കണ്ടത്തിന്റെ അതിർത്തികളിലേയ്ക്ക് വേഗത്തിൽ ചെന്ന് തട്ടിയിട്ട് ആ ശബ്ദം അങ്ങ് ദൂരെയെവിടെയോ  പോയ് ഇല്ലാതായ്.
അനിയന്റ പിന്നാലെ കടപ്ലാവിലേയ്ക്ക് കയറാൻ ശ്രമിക്കവേ  അടുത്ത കാലത്തെപ്പോഴൊ പൊട്ടി മുളച്ച മേനിരോമങ്ങൾ മാമച്ചന് കടപ്ലാവിന്റെ തൊലിയിൽ പൊഴിച്ചിടേണ്ടി വന്നു.അവൻ മരച്ചോട്ടിൽ  നിന്നുകൊണ്ട് കൊഴിഞ്ഞു പോയ രോമങ്ങളെയോർത്ത് നെടുവീർപ്പെട്ടു.ആ പടുപണ്ടാരമരത്തിന്റെ തുഞ്ചത്തിരുന്ന് കൂവി വിളിക്കുന്ന അനിയനെ കണ്ടപ്പോൾ അവന് അസൂയ തോന്നി." വല്യ സ്റ്റൈല് കാണിക്കാതെ വേഗം താഴോട്ട് വാടാന്ന്" ചൊമന്ന് വീർത്ത നെഞ്ചിൽ തിരുമിക്കൊണ്ട് അവൻ വിളിച്ചു പറഞ്ഞു. അനിയനതൊന്നും വകവെക്കാതെ അവന്റെ രണ്ട് കൈകളും വിടുവിച്ച് കാതൽ തടിയുടെ ഇരു വശത്തേയ്ക്കും തുടകൾ മാത്രം ചേർത്തിറുക്കി പിടിപ്പിച്ചു.കലപിലകൾ ചിലരത്  കണ്ട് കണ്ണുതള്ളുകയും കയ്യടിക്കുകയും ചെയ്തു.
കടപ്ലാവിൻ തുഞ്ചത്തിരുന്ന് അനിയൻ വെട്ടുക്കണ്ടത്തിന്റെ അറ്റം കണ്ടു,വരമ്പിൻ വക്കത്തെ കൊല്ലന്റെ കുടിയും കുട്ടികളെയും കണ്ടു. ആ ഇരുപ്പിൽതന്നെ തോട്ടിൻ വക്കത്തെ ഓലിയെ ലക്ഷ്യമാക്കി പോകുന്ന പെൺമണികളെ കണ്ടു, അവർക്ക് പിന്നാലെ ചെന്ന് അതിവിദഗ്തമായ് പൊന്തക്കാട്ടിലൊളിച്ച ചെല്ലനെയും കണ്ടു.ഓലിയിലെ വെള്ളം പെണ്ണുങ്ങള് കോരിയൊഴിച്ചപ്പോൾ അവന് കുളിര് കോരുകയും ഇറുക്കി പിടിപ്പിച്ച തുടകളെ വികസിപ്പിക്കുകയും കടപ്ലാവിൻ കൊമ്പത്തവന്റെ  കൈകൾ മുറുക്കിപ്പിടിപ്പിക്കുകയും ചെയ്യേണ്ടി വന്നു.
അനിയന്റെ ദീർഘശ്വാസം ഒരു തളിരലയിൽ വന്ന് തട്ടിയപ്പോൾ അത് പതിയെ ചലിക്കാൻ തുടങ്ങി അതങ്ങനെ ശ്രദ്ധിച്ചിരിക്കെ തെക്കേ മൂലയിൽ നിന്നൊരു ചുള്ളിക്കമ്പ് കരഞ്ഞുകൊണ്ട് നിലത്തേയ്ക്കൊടിഞ്ഞു വീണു. അത് കേട്ട് ഞെട്ടിപ്പോയൊരു കാക്ക അതിന്റെ അന്നവും കളഞ്ഞ് കടപ്ലാവിൽ നിന്ന് അടുത്തുള്ള വട്ടമരത്തിലേയ്ക്ക് പോയിരുന്നു എന്നിട്ട് തൊലഞ്ഞു പോയ അന്നത്തെ നോക്കി കാ..കാ എന്ന് ഉറക്കെ വിളിച്ചു. അത് കേൾക്കുകപ്പോലും ചെയ്യാതെ ഒരു അരണക്കുഞ്ഞ് എല്ലാം മറന്ന് പുല്ലുകൾക്കിടയിലൂടെ നുഴ്ന്നിറങ്ങി.
കടപ്ലാവിന്റെ ശിഖരങ്ങൾക്കിടയിലൂടെ നീങ്ങുന്ന ചുവന്ന സൂര്യനെ കണ്ടപ്പോൾ മാമച്ചന് കണ്ണ് കഴച്ചു.അവൻ കണ്ടത്തിൽ നിന്ന് വരമ്പിലേയ്ക്ക് കയറി ഒപ്പം കലപിലകളും. അനിയൻ ആ വലിയ മരത്തിന്റെ ചില്ലകളിലൂടെ ഓടി നടന്നു .ഒരിക്കലും കായ്ച്ച് കാണാത്ത കടപ്ലാവിന്റെ തുഞ്ചത്തെവിടെയെങ്കിലും ഒരു കടച്ചക്ക കണ്ടാലൊയെന്നവൻ ആശിച്ചു ഫലം നിരാശയായപ്പോൾ "പൂക്കാത്ത കായ്ക്കാത്ത കടപ്ലാവെ വെട്ട് പന്തിന്റെ തട്ടൊന്ന് തട്ടി കളഞ്ഞ പൊട്ടൻ കടപ്ലാവെ " എന്ന് പാടിക്കൊണ്ട് കടപ്ലാവിന്റെ ചില്ലകൾ ഓരോന്നായ് താഴേയ്ക്കിറങ്ങി തുടങ്ങി.അനിയൻ ചവിട്ടിപിടിച്ചൊരു ഉണക്കകമ്പ് അവന്റെ എല്ലുകളൊട്ടിയ ശരീരത്തെ താങ്ങാനാവാതെ പരാജയം സമ്മതിക്കുകയും സ്വന്തം ശരീരം മരത്തിൽ നിന്ന് അടർത്തിക്കളയുകയും ചെയ്തു അനിയന് മറ്റൊരു ചില്ലയിലേയ്ക്ക്  പ്രതീക്ഷിക്കാതെ കടന്നു ചെല്ലെണ്ടതായിട്ട് വരികയും കടപ്ലാവിൽ കൂർത്ത് നിന്നൊരു മൊഴയിൽ കണങ്കാല് ആക്കത്തിൽ മുട്ടിക്കേണ്ടതായിട്ടും വന്നു.സർവ്വ  ശക്തിയുമെടുത്തവൻ ആ മരത്തെ വരിഞ്ഞു മുറുകി.
ആ വൃക്ഷത്തിൽ നിലയുറപ്പിച്ചിരിക്കുന്ന അനിയനുപ്പടെയുള്ള ജീവികൾ  കുറച്ച് നേരത്തേയ്ക്ക്  നിശബ്ദരായിരുന്നു.മരകൊമ്പിലിരുന്ന് നീര് പൊങ്ങിയ കണങ്കാല് തിരുമിക്കൊണ്ടിരിക്കുമ്പോഴാ അനിയനാ മാറ്റം ശ്രദ്ധിച്ചത്  കടപ്ലാവിന് വല്ലാത്ത ഇളക്കംപ്പോലെ അത് മണ്ണിലേയ്ക്ക് താഴ്ന്നു പോകുന്നപ്പോലൊരു തോന്നൽ അവൻ മരച്ചോട്ടിലേയ്ക്ക് നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയ് കടപ്ലാവ് അതിന്റെ  ആറ് കാലുകൾ നീട്ടി തന്നെയുംകൊണ്ട് ഓടാൻ തയ്യാറായി നിൽക്കുന്നു.അവന് അലറി വിളിക്കാൻ തോന്നി കണങ്കാൽ നൊന്തപ്പോഴെ ഉമ്മീനീർ മുഴുവൻ വറ്റിയിരുന്നു. അവൻ മാമച്ചനെയും കലപിലകളെയും  പരതി അവർ വരമ്പിന്റെയക്കര കടന്നിരിക്കുന്നു.
ആ മരത്തിന്റെ ചില്ലകൾക്കിടയിലൂടെ അവൻ താഴേയക്ക് നൂർന്നിറങ്ങി. മുകളിലേയ്ക്ക് ചവിട്ടി കയറിയ ചില്ലകള്ളാന്നും  അപ്പോൾ അവന്റെ  കണ്ണിൽ പെട്ടില്ലയെന്നതാണ് വാസ്തവം. മനുഷ്യന്റെയും മരത്തിന്റെയും ശരീരങ്ങൾ തമ്മിൽ ഉരയുകയും മുറിയുകയും ചെയ്തു കൂടുതൽ പരിക്കും മനുഷ്യന് സംഭവിച്ചു അവൻ ആ മരത്തിന്റെ വേരുകൾ ചവിട്ടി കടപ്ലാവിനെ കബളിപ്പിച്ചുക്കൊണ്ട് വരമ്പിൻ വക്കത്തേക്ക് ഓടികയറി.നൊമ്പരപ്പെട്ടുപ്പോയ ശരീരത്തിൽ തലോടിക്കൊണ്ടവൻ തിരിഞ്ഞു നോക്കിയപ്പോൾ ആ പടു പണ്ടാരം വൃക്ഷം അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
********                            ********                                            ********                                                                     
വാതക്കൊടിവള്ളിയും, പച്ച മഞ്ഞളും അരച്ച് കണങ്കാലിൽ തേച്ച് പിടിപ്പിച്ചങ്ങനെ കിടക്കുമ്പോളാ ജനൽ പടിയിലൊരനക്കം പോലെ അവനൊന്ന് തിരിഞ്ഞ് നോക്കാൻ ശ്രമിച്ചെങ്കിലും കണങ്കാലിലെ ഒടുക്കത്തെ മരവിപ്പുക്കൊണ്ടവൻ കമഴ്ന്ന് തന്നെ കിടന്നു. ജനൽവാതിൽ പതിയെ തള്ളിതുറന്നുക്കൊണ്ട് ഒരു കൈ അകത്തേക്ക് പ്രവേശിച്ചു നീരു പൊന്തിയ അവന്റെ കുഞ്ഞുകണങ്കാലിൽ അത് പതിയെ തൊട്ടു പിന്നെ  നോവിക്കാതെ അവിടെമാകെ തലോടിക്കൊണ്ടിരുന്നു. ആശ്വാസത്തിന്റെ നെടുവീർപ്പുകളുതിർത്തുക്കൊണ്ട് തിരിഞ്ഞു കിടക്കാൻ ശ്രമിക്കുന്നവന്റെ കണ്ണുകൾ അയാളിലെത്തിയതും  അയാളുടെ  നീളൻ കൈകൾ അവന്റെ വാ മൂടിക്കെട്ടിയതും ഒരുമിച്ചായിരുന്നു. ബലമുള്ള കൈക്കൊണ്ട് ജനൽ കമ്പി വളച്ചൊതുക്കിയിട്ട് അവന്റെ കുഞ്ഞ് ശരീരത്തെ അതിലൂടെ പുറത്തേയക്ക് കോരിയെടുത്തു എന്നിട്ട് വന്ന വഴിയെ വേഗത്തിൽ  നടന്നു. അനിയൻ പേടിച്ച് ആ ശരീരത്തിലമർന്ന് കിടന്നു ആരും ഇത് കാണുന്നില്ലേയെന്നവൻ കണ്ണുകൾ വെട്ടിച്ച് നോക്കി അമ്മ കഴുകി വെച്ചിരിക്കുന്ന മൺപ്പാത്രങ്ങളിലോ ഓടയിൽ തങ്ങിനിൽക്കുന്ന കൊടിമരത്തിലൊ  അയാളുടെ ആ വലിയ ശരീരം മുട്ടിയില്ല. പ്രകൃതിയിൽ അവരല്ലാതെ മറ്റാരും ചലിക്കുന്നില്ലന്ന് അവന് തോന്നിപ്പോയി. അവർ വരമ്പിൻ വക്കത്തെത്തിയപ്പോൾ രാത്രിയുടെ രൂപം മാറി പകലായിരിക്കുന്നു. വരമ്പിൻ വക്കത്ത് നിന്നവർ വെട്ടുക്കണ്ടത്തിലേയ്ക്കിറങ്ങി. അയാൾ അനിയനെ മെല്ലെ നിലത്തിറക്കി എന്നിട്ട് ചെന്ന് അയാളുടെ സ്വന്തം സ്ഥാനത്ത് നിലയുറപ്പിച്ചു  അവന്റെ ഭയം ഇരട്ടിച്ചെങ്കിലും അവനത് പുറത്ത് കാട്ടാതെ അയാളുടെ ചോട്ടിലങ്ങനെ നിന്നു.
അനിയാ ഈ സ്ഥലം ഏതാണന്നറിയാമോ? ' അയാൾ ചോദിച്ചു '
അറിയാം. പേടിയോടെയാണങ്കിലും അവൻ പറഞ്ഞു.
ഈ സ്ഥലത്തിന്റെ പേരെന്താ? അയാൾ വീണ്ടും ചോദിച്ചു
വെട്ടുക്കണ്ടം ഞങ്ങൾ വെട്ടുപന്ത് കളിക്കുന്നയിടം .അവന്റെ പേടി അൽപം കുറഞ്ഞന്ന് തോന്നി.
അയാളൊന്ന് ചിരിച്ചിട്ടു അനിയനെ അരികത്തോട് ചേർത്തി നിർത്തി അവനിപ്പോൾ അയാളുടെ ശരീരത്തിൽ പറ്റി ചേർന്ന് നിൽക്കുകയാണ്. നാല് തടിയന്മാർ കണ്ടത്തിലെത്തിലേയ്ക്ക് ഒരു കാളയുമായ് കടന്നു വന്നു. തിടമ്മാടന്മാരിലൊരുവൻ കാളയുടെ കയറ് വലിച്ച് അവരുടെ അടുത്തെത്തി എന്നിട്ട് അയാളുടെ  കാലിൽ ആ ജീവിയെ കുറുക്കികെട്ടി.ആ മുറുക്കത്തിലുള്ള കെട്ടിന്റെ വേദന  അയാളിയേക്ക് ഇരച്ച് കയറുന്നത് കണ്ടിട്ടാവണം അനിയൻ അവന്റെ  വായിലേയ്ക്ക്  പതഞ്ഞു വന്ന തുപ്പൽ എരിവ് തിന്നവനെപ്പോലെ അകത്തേക്കെടുത്ത് വിഴുങ്ങിയത്. തടിമ്മാടന്മാർ അവരെ ഗൗനിക്കാതെ കാളയുടെ അടുത്തേക്ക് നടന്ന് നീങ്ങി. സ്വന്തം ശരീരത്തിൽ ഭാവികാലത്തിന്റെ കണക്കുകൾ   കൂട്ടുകയും ഗുണിക്കുകയും  ചെയ്തിട്ടും ലാഭമില്ലാത്ത ഒരു സംഖ്യ എണ്ണിത്തിട്ടപ്പെടുത്തി അത് ശരീരത്തിൽ  പച്ചക്കുത്തി നിൽക്കുന്ന ആ നാൽക്കാലി വെറുതെ മുരളുകയും അതിന്റെ ശരീരത്തിലൊട്ടിപ്പിടച്ച അവശിഷ്ടങ്ങളെ തിന്നാൻ എത്തിയ പ്രാണികളെ അതിന്റെ വാല് വായുവിൽ വീശി ദൂരത്തേയ്ക്ക് ആട്ടിയോടിച്ചുക്കൊണ്ട് സ്വാർത്ഥനായ് നിൽക്കുകയും ചെയ്തു.
വെട്ടുകണ്ടത്തിന്റെ നാല് ദിശയിലും കന്നുകാലികൾ വന്നുതുടങ്ങി അവ തമ്മിൽ എന്തൊക്കെയോ പറയുകയും പറയാൻ പറ്റാതെ പോയ കാര്യങ്ങൾ  ചവച്ചിറക്കുകയും ചെയ്തു. തടിമാടന്മാർ രണ്ട് പേർ ചേർന്ന് തടി കമ്പുകൾ കൂട്ടിക്കെട്ടി ഒരു തീറ്റ തൊട്ടിയുണ്ടാക്കി എന്നിട്ട് അതിലേയക്ക് കുറച്ച് പച്ചപ്പുല്ല് ഇട്ട്ക്കൊടുത്തു. പച്ചകുത്തിയ കാളയെ ഒരുത്തൻ തീറ്റക്കൊട്ടയിലേയ്ക്ക് ഉന്തി  അത് ആദ്യമൊന്ന് കുതറിയെങ്കിലും  കൊട്ടയിലെ  പുല്ല് കണ്ടപ്പോൾ അത്  ആർത്തിയോടെ അതിലേയക്ക് തല നീട്ടി ചവയ്ക്കാൻ തുടങ്ങി.വായുവിൽ നിന്നൊരു കൂടം ആ ജീവിയുടെ തലയിലേയക്ക് ആക്കത്തിൽ ചെന്നു പതിച്ചു കാലുകൾ നാലും മണ്ണിലേയക്ക് കുഴഞ്ഞ് പോയ ആ ജന്തു ശ്വാസം എടുക്കാനാവാതെ വെപ്രാളപ്പെട്ടു.ചതഞ്ഞു പോയ തലയോട്ടിയിൽ നിന്ന് തെറിച്ച വീണ ചോര അനിയന്റെ മുഖത്തും ആയാളുടെ തുടയിലേയ്ക്കും വീണു അനിയൻ അവന്റെ മുഖം ഉടുപ്പിൽ തുടച്ചു അയാൾ തുടയ്ക്കാനോ അനങ്ങാനോ പോയില്ല .ഭൂമിയിൽ പറ്റി കിടന്നുക്കൊണ്ട് ആ സാധുമൃഗം  രക്തം വാർന്ന് ജീവൻ വെടിയുന്നതവരെ അവർ അതിനെ നോക്കി നിന്നു.തടിയന്മാർ നാല് പേരും ചേർന്ന് കാളയുടെ തോല് പൊളിച്ചു മാംസ കഷ്ണങ്ങൾ ഓരോന്നും വെട്ടി അയാളുടെ ശരീരത്തിൽ കെട്ടി തൂക്കി.മാംസ കഷ്ണങ്ങളിൽ വട്ടമിടുന്ന ഈച്ചകളെ ഓടിച്ചുക്കൊണ്ട് അനിയൻ അയാൾക്ക് ചുറ്റും വലം വെച്ചു.എവിടെ നിന്നോ വന്നു ചേർന്ന ആളുകളെക്കൊണ്ട് ആ കണ്ടമാകെ നിറഞ്ഞു അവർ അയാളുടെ ശരീരത്തിൽ തൂക്കിയിട്ട ഇറച്ചികഷ്ണങ്ങൾ ഓരോന്നായ് മുറിച്ച്  കൊണ്ടുപോയി മാംസ കഷ്ണം കിട്ടാതെ പോയ ഈച്ച കൂമ്പാരങ്ങൾ കണ്ടത്തിൽ തളംകെട്ടി കിടന്ന രക്തത്തിൽ പോയി കുത്തിയിരുന്നു. ആളുകളും കന്നുകാലികളും കണ്ടത്തിൽ നിന്ന് അപ്രത്യക്ഷരായി അവസാനം തടിയന്മാരും സ്ഥലം വിട്ടപ്പോൾ കണ്ടത്തിൽ അനിയനും അയാളും മാത്രമായ് .
അനിയാ ഈ സ്ഥലത്തിന്റെ പേരെന്താ? അയാൾ ഒരിക്കൽക്കൂടി ചോദിച്ചു
വെട്ടുക്കണ്ടം ഞങ്ങൾ വെട്ടുപന്ത് കളിക്കുന്നയിടം .അവൻ ഒരിക്കൽക്കൂടി പറഞ്ഞു.
            ഇത്തവണ അയാൾ അനിയനെ തോളിൽ പിടിച്ചിരുത്തി. അവന് ചെറിയ പേടി തോന്നി
ഓടാൻ പോകുവാണോ?  അവൻ അയാളോട് ചോദിച്ചു.
അയാൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് പെട്ടെന്ന് തന്നെ ആ ഭാവത്തിന് വ്യത്യാസം വരുത്തി.വെട്ടുക്കണ്ടത്തിന് ഇപ്പോൾ അൽപം കൂടി  പഴക്കം വന്നതായിട്ട് അവനറിഞ്ഞു എന്നാൽ നാൽക്കാലിയുടെ ചോരയക്കും അതിൽ കുത്തിയിരിക്കുന്ന ഈച്ചകൾക്കും  യാതൊരു  മാറ്റവും വന്നിട്ടില്ലന്ന് അവൻ പ്രത്യേകം ശ്രദ്ധിച്ചു.
അകലെ നിന്ന് ചങ്ങലകൾ കിലുങ്ങുന്ന ശബ്ദം കേൾക്കാൻ തുടങ്ങി അത് മണ്ണിലൂടെ ഇഴഞ്ഞ് അവർക്കരികിലേയ്ക്കെത്തുന്നപ്പോലെ അനിയന് തോന്നലുണ്ടായ് .പട്ട് പൊതിഞ്ഞ ശരീരവും  കുടുമക്കെട്ടിയ തലയും ഉള്ളവർ വെട്ടുക്കണ്ടത്തിന്റെ വരമ്പിൽ വന്ന് വടികുത്തി നിന്നു. ചന്ദനം പൂശിയൊരു നായര് പത്തടി ദൂരം അളന്ന് അവിടെ പാള വെച്ച് കെട്ടിയ പാത്രത്തിലേയക്ക് എണ്ണ ഒഴിച്ചു വെച്ചു. ചങ്ങലകൾ കിലുക്കം അനിയന്റെയും അയാളുടെയും അടുത്തെത്തി കൈകാലുകൾ ബന്ധിച്ച ഒരുവൻ ചങ്ങലകൾ വലിച്ചുക്കൊണ്ട് അവർക്ക് മുമ്പിലൂടെ വേച്ചു വേച്ച് നടന്ന് പോയി.നായര് ആഗ്യം കാണിച്ചപ്പോൾ പാളയിൽ നിന്ന് എണ്ണ പകർന്ന് ആ ഇരുകാലി തലയിൽ തേച്ചപ്പോൾ കൈയ്യിൽ ബന്ധിച്ച ചങ്ങലകൾ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. നായര് അവന് അടുത്തുള്ള  ചേറുകുളം കാണിച്ചുക്കൊടുത്തു അവൻ ആ കുളത്തിലേയ്ക്കിറങ്ങി തല മുഴുവൻ മുങ്ങി. നായര് തന്നെ അവനെ കരയ്ക്ക് വിളിച്ച് കയറ്റി വരമ്പിന്റെ വക്കത്ത് വെട്ടിയിട്ട തൂശനിലയിൽ ചോറ് വിളമ്പിയിട്ട് വാരി തിന്നാൻ നായര് ദൂരെ നിന്ന് വിളിച്ച് കൂവി. വരമ്പിൻ വക്കത്തെ കുടുമ തലയന്മാർ അപ്പോഴേയ്ക്കും ക്ഷുഭിതരായ് തുടങ്ങിയിരുന്നു.ചോറ് വാരിയെടുത്തപ്പോൾ അവൻ ആകാശത്തിലേയ്ക്കും ഭൂമിയിലേയക്കും നോക്കി അവന്റെ കണ്ണുകൾക്ക് ഇരുട്ടല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല .കണ്ണിൽ നിന്ന് പൊഴിഞ്ഞ വീണ ഉപ്പ് വെള്ളം കുതിർന്ന വറ്റ് വാരി തീരുംമുമ്പ്  അയാളുടെ ഇല മടക്കപ്പെട്ടു.നായര് അവനെ അനിയനും അയാളും നിൽക്കുന്ന സ്ഥാനത്തേയ്ക്ക് ആട്ടി ഓടിച്ചു.ചങ്ങലകൾ വലിച്ചുക്കൊണ്ടോടുമ്പോൾ  അവൻ പലതവണ കുഴഞ്ഞുവീണു അത് കണ്ട് അങ്ങ് ദൂരെ വരമ്പിൻ വക്കത്തിരുന്ന് കരയുന്ന കൂടപ്പിറപ്പുകളെ കണ്ടപ്പോൾ കുടുമക്കൂട്ടർ ഉറക്കെയുറക്കെ അട്ടഹസിച്ചു അത് കണ്ട് നായർക്കും ചിരി വന്നു. കരഞ്ഞ് കണ്ണ് കലങ്ങി നിന്നവരിൽ ഇളപ്പം നോക്കിയൊരുത്തനെ കൈകാട്ടി വിളിച്ചിട്ട്  കുടുമക്കാർ  ഉത്തരവുകൾ ഇറക്കാൻ ആരംഭിച്ചു. രക്തം രക്തത്തിന് തന്നെ ആരാച്ചാരാവാൻ കൽപനയുണ്ടായ്. കാര്യമൊന്നും പിടിക്കിട്ടാതെ അനിയൻ അയാളുടെ തോളിലിരുന്നു കാഴ്ചകൾ ആസ്വദിച്ചു. ചങ്ങലയിൽ ബന്ധിക്കപ്പെട്ടവൻ ഇപ്പോൾ അനിയന്റെയും അയാളുടെയും ഒത്ത ചോട്ടിലാണ് .കൂടപ്പിറപ്പ് ആദ്യം ചങ്ങല ചുറ്റിയ ഇടതുക്കാൽ  തൂക്കിയെടുത്ത് അനിയനെ ഇരുത്തിയ തോളിൽ നിന്ന് അയാളുടെ  ഒരു കൈയ്യ് വലിച്ച് അടുപ്പിച്ച് അതിൽ ബന്ധിച്ചു. അനിയൻ അയാളുടെ തോളിൽ മുറുക്കെപ്പിടിച്ചു. വലത് കാല് വലിച്ചു പൊക്കിയപ്പോൾ അവർ കൂടെ പിറന്ന രണ്ടുപേരും ഉറക്കെ നിലവിളിച്ചു. അകലേയക്ക് പടർന്ന് നിൽക്കുന്ന അയാളുടെ കൈയ്യിലൊന്ന് തിരഞ്ഞുപിടിച്ച് അവന്റെ ഇടതുകാൽ ബന്ധിച്ച  കൈയ്യുടെ അടുത്തേയ്ക്ക് തന്നെ വലിച്ച് അടുപ്പിച്ചു എന്നിട്ട് അതിന്റെ തുഞ്ചത്ത് അവന്റെ വലതുകാലും  ബന്ധിച്ചു .കാലുകൾ രണ്ടും ചേർത്ത് അടുപ്പിച്ചു ചങ്ങലയിൽ ബന്ധസ്ഥനായ് ആ ഇരുകാലി മൃഗം അയാളുടെ ശരീരത്തിൽ കീഴ്പ്പോട്ട് തൂങ്ങിക്കിടന്നു. കുടുമക്കാർ കൂടെപ്പിറന്നവനെ നോക്കി കൈ ഉയർത്തി കാണിച്ചു. അവൻ കൂടുതൽ ബലത്തിൽ അയാളുടെ കൈകൾ ചേർത്തുപിടിച്ചു ദൂരെ നിന്നൊരു ചാട്ടക്കാല് അവന്റെ മുഖത്തേയ്ക്കാഞ്ഞടിച്ചു  കൈകൾ രണ്ടും വീടുവിച്ചുക്കൊണ്ടവൻ  മണ്ണിലേയക്ക് പതിച്ചു. അവനെ ബന്ധിച്ച അയാളുടെ കൈകൾ രണ്ടും അതിവേഗത്തിൽ ഇരു വശത്തേയ്ക്കും അകന്നു പോയ്. ചങ്ങലകൾ കിലുക്കിക്കൊണ്ട് അവന്റെ കാലുകൾ രണ്ടും വായുവിലേയ്ക്ക് ഉയർന്ന് രണ്ടായ് പിളർന്നു. വരമ്പിൻവക്കത്ത് നിന്ന് ആനന്ദം കൊള്ളുന്ന കുടുമ്മക്കാരുടെ വിജയക്കൊടിയായ് പാതിക്കീറിയ അയാളുടെ ശരീരം കാറ്റിലാടി.അയാളും അനിയനും അവന്റെ നീരിൽ കുളിച്ചു അനിയൻ മുഖം തുടച്ചില്ല .ചോര തുള്ളികൾ കണ്ടത്തിലേയ്ക്കൊഴുകി അത് തളം കെട്ടി കിടന്ന നാൽക്കാലിയുടെ  രകതത്തിലേയ്ക്ക് പതിയെ ലയിച്ച് ചേരാൻ തുടങ്ങി.
അനിയാ ഈ സ്ഥലത്തിന്റെ പേരെന്താണ് ? അയാൾ വീണ്ടും ചോദിച്ചു
അവൻ ഒന്നും പറഞ്ഞില്ല.

********                            ********                                            *******
നേരം പുലർന്ന് വെട്ടുക്കണ്ടത്തിലേയ്ക്ക് വേഗത്തിൽ ഓടിപ്പോകുന്ന അനിയന്റെ കണങ്കാലിൽ നിന്ന്   വാതക്കൊടിവള്ളിയും പച്ചമഞ്ഞളും ഉണങ്ങി പൊടിഞ്ഞ് വീഴുന്നുണ്ടായിരുന്നു. അവന്റെ കാലുകളിൽ നീർവീക്കം അൽപം കുറഞ്ഞപ്പോലെ തോന്നി എന്നാലും നടക്കുമ്പോൾ കാലുകൾക്ക് ചെറിയ ഞൊണ്ടൽ ബാക്കി നിൽക്കുന്നു. വരമ്പിൻ വക്കത്ത് ചെന്ന് അവൻ വെട്ടുകണ്ടത്തെ മുഴുവനായൊന്ന്  നോക്കി അത് പതിവിലും ശാന്തമായ് കാണപ്പെട്ടു അയാൾ കണ്ടത്തിൽ തന്നെ നിൽപുണ്ടായിരുന്നു.അവൻ വരമ്പിൽ നിന്നിറങ്ങി അയാൾക്കരികിലേയ്ക്ക് ഓടി ചെന്നു. ഇന്നലെ വന്നെന്നോ കണ്ടന്നൊ തൊട്ടന്നോ അനുഭവിച്ചെന്നോ അവർ രണ്ടു പേരും പറഞ്ഞില്ല. അയാളെ തൊട്ട് തഴുകി നിൽക്കുമ്പോൾ അവനൊരു കടച്ചക്ക വീണുകിട്ടി അവനത് കൈയ്യിലെടുത്ത് പിടിച്ചു പള്ളപൊട്ടിപ്പോയ ആ കായിൽ നിന്ന് ചോരയുടെ നിറമുള്ള അരക്ക് ആ മണ്ണിലേയ്ക്ക് ഒലിച്ചു വീഴുന്നുണ്ടായിരുന്നു.

Comments

Popular posts from this blog

ദേവസ്യയുടെ നാമത്തിൽ

മരുമക്കത്തായം