ദേവസ്യയുടെ നാമത്തിൽ

ദേവസ്യയുടെ നാമത്തിൽ

പള്ളിലെ കൂട്ടമണി കേട്ടൊണ്ടാണ് തൊമ്മി എണീറ്റത്. പയ്യെ കയ്യും കാലമൊക്കെ ഒന്ന് കൊടഞ്ഞു വാ തുറന്ന് വലിയ വായക്കോട്ടയും വിട്ടു പുറത്തോട്ടു ഇറങ്ങുമ്പോളാ തൊമ്മി ആ കാഴ്ച കണ്ടത്. വർക്കിച്ചൻ സെമിത്തേരി പറമ്പിലിരുന്നു ഗ്രേസമ്മ ചേടത്തിയോട് വർത്താനിക്കുന്നു.
"എന്നാ ചേടത്തിയെ ഇച്ചായനോടൊരു സ്വകാര്യം പറച്ചില് "?
അതെന്നാടാ ഊവെ ഇവിടെയും ഞങ്ങൾക്ക് സ്വകാര്യം പറയാൻ പാടില്ലെ ?
വർക്കിച്ചൻ ചിരിച്ചോണ്ട് ചോദിച്ചു.
"ഓഹ് ആയിക്കോട്ടെ.... സ്വകാര്യങ്ങളൊക്കെ ചെവിയിൽ പറഞ്ഞോണം. പത്തുനൂറ് കൊല്ലം പഴക്കം ചെന്ന പള്ളിയാ. എല്ലാ തരത്തിലുള്ള വിഷങ്ങളും ഇവിടെ കിടപ്പുണ്ട് ,നിങ്ങള് പുന്നാരം പറഞ്ഞിട്ടങ്ങ് അങ്ങ് പോകും. ചേടത്തിയാ ഇതിന്റെയൊക്കെ പള്ളും പരിഹാസവും കേൾക്കേണ്ടത് ".
തൊമ്മിടെ ആ വർത്താനം പള്ളിപറമ്പിൽ കിടന്നവർക്കാർക്കും അത്രക്കങ്ങ് പിടിച്ചില്ല.
"അല്ല ഇച്ചായന്റെ വയ്യാഴികയ്ക്ക് കൊറവുണ്ടോ " ?
തൊമ്മി സ്വന്തം പെണ്ണുമ്പുള്ളയുടെ കല്ലറ പുറത്ത് ചമ്രം മടിഞ്ഞിരുന്നു.
രാത്രിയിൽ ഈരൽ കുടുംബത്തിൽ കാവൽ ഇരിക്കാൻ പോയതിന്റെ ഷീണത്തിൽ മയങ്ങുവാരുന്നു അവര്.
"അതൊക്കെ കണക്കാടാ തൊമ്മിയെ. എന്നാക്കെ കുന്ത്രാമണ്ടം ചെയ്താലും അതുങ്ങളെക്കൊണ്ട് കഴിയും വിധം എനിക്ക് പണി തരണൊണ്ട് ".
അത് കേട്ടപ്പോൾ ഗ്രേസമ്മയുടെ മുഖം കറുത്തു. വർക്കിച്ചൻ അത് കണ്ടെങ്കിലും കാണാത്തപ്പോലെ നിന്നു. മുന്നിൽ കത്തി നിന്ന മെഴുകുതിരി ഗ്രേസമ്മേടെ അടുത്തേക്ക് നീക്കിവെച്ചു. എന്നിട്ട് ഇരുട്ടിലേക്ക് ഒളിഞ്ഞു നിന്നു.ഇപ്പോൾ ഗ്രേസമ്മക്ക് തന്റെ മോന്ത കാണാൻ പറ്റൂലന്നോർത്ത് അയാൾ ആശ്വാസം പൂണ്ടു.
എന്നാലും ഗ്രേസമ്മേടെ മോന്ത കാണാൻ എന്നാ ഇതാ. അവള് അഞ്ച് പെറ്റതാന്നും പെറ്റതിൽ അഞ്ചും പെറാനും പെറുവിപ്പിക്കാനുമൊക്കെ കഴിഞ്ഞവരാണന്നും കണ്ടാൽ പറയേല കേട്ടോ. അവള് ദേഷ്യത്തോടെ നോക്കുമ്പോ ആ ഇത് പിന്നെം പിന്നേം അങ്ങ് കൂടുവാണല്ലോ കർത്താവെ ..
വർക്കിച്ചൻ മനസ്സിലോർത്ത് പോയി.
ഇരുട്ടിൽ നിന്നൊരു മുള്ള് കൊണ്ടപ്പോൾ വർക്കിച്ചൻ ഞെട്ടി വല്ല പാമ്പോ പഴുതാരയോ മറ്റോ ആണോന്ന്. പള്ളിപറമ്പ് വൃത്തിയാക്കുന്ന കാര്യം കഴിഞ്ഞ തവണ പള്ളി ചെന്നപ്പോളും പറഞ്ഞതാ.. ഓഹ് ഇനി ഞാൻ വല്ലതും പറഞ്ഞാൽ പള്ളികമ്മറ്റിയിൽ ഇല്ലാത്തതിന്റെ കുശുമ്പാന്ന് പറയും നാട്ടുകാര്. വർക്കിച്ചൻ മനസ്സിൽ പോലും ഒന്നും പറയാൻ തുനിഞ്ഞില്ല തന്റെ കൈ എത്താവുന്നിടത്തൊക്കെ ഒന്ന് പരതി നോക്കി. കൂർത്ത നഖങ്ങൾ പൊന്തിയ വിരലുകൾ ചുരുട്ടി പിടിച്ചു തല കുമ്പിട്ട് നിൽക്കുന്ന ഗ്രേസമ്മുടെ കൈതണ്ടയിൽ ആ പരതൽ അവസാനിച്ചു.
ചേടത്തി തെല്ലു നാണത്തോടെ തെന്നി മാറാൻ നോക്കി. നരച്ച രോമങ്ങൾ തിങ്ങി നിൽക്കുന്ന സുരക്ഷിതത്തിന്റെ സൂക്ഷമ കണികകൾ താൻ അറിഞ്ഞ ആ കരങ്ങളിൽ നിന്ന് എത്ര തെന്നി മാറാൻ ശ്രമിച്ചാലും കഴിയുമാരുന്നില്ല എന്നറിഞ്ഞിട്ടും ചേടത്തി ഒരു ശ്രമം നടത്തിയെന്നെയുള്ളു.
അവർ ഇടംകണ്ണിട്ട് തൊമ്മി ഇരിക്കുന്നുവെന്ന് വർക്കിച്ചനെ കാണിച്ചു.മറിയക്കൊച്ചിന്റെ കണ്ണ് വെട്ടിച്ചുള്ള നോട്ടവും കവിളിലെ നുറുങ്ങ്ചിരിയും കണ്ടിരിക്കാൻ വർക്കിച്ചന് കഴിഞ്ഞില്ല. രണ്ട് കൈകളും കോർത്ത് ഗ്രേസമ്മ കൊച്ചിനെ നെഞ്ചോട് ചേർത്ത് പിടിച്ച് ചുണ്ടിന് കീഴിൽ കൊതിയോടെ നോക്കി നിൽക്കുന്ന പുളളി മറുകിൽ ഒരു കടി വച്ച് കൊടുത്തു.
നാല്പത് കൊല്ലം മുമ്പ് വർക്കിച്ചന്റെ പനയോല കൂരേൽ വന്ന് കേറിയപ്പോൾ ഗ്രേസമ്മക്ക് കിട്ടിയതും ഈ സമ്മാനമായിരുന്നു. ഗ്രേസമ്മ ചേടത്തി അനങ്ങാതെ കുറച്ച് നേരം അങ്ങനങ്ങ് നിന്നു.കഴിഞ്ഞ നാൽപത് കൊല്ലങ്ങളുടെ ദു:ഖവും ദുരിതവും സന്തോഷവും സമാധാനവും എല്ലാം കൂടി ഒരുപോലെ അവരെ തഴുകിക്കൊണ്ടിരുന്നു.
വർക്കിച്ചനും ഗ്രേസമ്മക്കും ഇടയിൽ നിശബ്ദമായി സമയം ഇഴഞ്ഞു നീങ്ങി.
വർക്കിച്ചൻ ഗ്രേസമ്മ ദമ്പതിമാരുടെ പ്രകടനം കണ്ട് മടുത്ത തൊമ്മി കല്ലറയിൽ ബോധമില്ലാതെ ഉറങ്ങുന്ന തന്റെ പെണ്ണുമ്പുള്ളയെ നോക്കി  അവര് നല്ല ഉറക്കത്തിലാരുന്നു.
തൊമ്മി കല്ലറ പുറത്ത് നിന്ന് 'പ്ധോം' എന്ന ശബ്ദത്തിൽ നിലത്തോട്ടൊരു ചാട്ടം. ചാട്ടത്തിന്റെ ശബ്ദത്തിൽ ഞെട്ടിയ വർക്കിച്ചനും ഗ്രേസമ്മയും പിടുത്തം വിടുവിച്ച് കല്ലറ പുറത്ത് കുത്തിയിരുന്നു. അപ്പോഴും ഗ്രേസമ്മ ചേടത്തി കിതയ്ക്കുന്നുണ്ടായിരുന്നു.
വർക്കിച്ചന്റെ മുഖത്ത് ഇപ്പോ വല്ലാത്തൊരു ചളിപ്പുണ്ട്.തൊമ്മിക്ക് വല്ലതും തോന്നിയോ ആവോ? ആഹ് ഇനി ഇപ്പോ തോന്നിയാലെന്നാ......

ലക്ഷ്യമൊന്നുമില്ലാതെ ശവനാറി പൂക്കളെ തലോടി പറമ്പിലൂടെ നടന്ന് നീങ്ങുന്ന തൊമ്മിയെ നോക്കി വർക്കിച്ചൻ വിളിച്ച് ചോദിച്ചു

'ടാ തൊമ്മിയെ'
'ഓ' തൊമ്മി വിളി കേട്ടു.
ടാ നമ്മടെ ദേവസ്യ എവിടാ കെടക്കണത് ?
ഏത് ദേവസ്യ ?
കുന്നേലെ മർത്തേടെ മകനില്ലേ പണ്ട് ആ തരവഴിത്തരം കാണിച്ചവൻ !
ആ ..ആ ദേവസ്യാച്ചനോ പുള്ളിയെ താഴെ പറമ്പിലല്ലേ അടക്കിയെ... എന്നാ ഇച്ചായോ?
ഓ.. ഒന്നുമില്ല നീ ഇങ്ങ് വാ ചെവിയിൽ പറയാം..
വർക്കിച്ചൻ തൊമ്മിയുടെ ചെവിയിൽ എന്തോ പറഞ്ഞു. തൊമ്മിയുടെ മുഖം അങ്ങ് സീരിയസായി പോയി.
അയാള് വർക്കിച്ചനെ നോക്കി ഒന്ന് തലയും കുലുക്കിയേച്ച് സെമിത്തേരിയുടെ അരികത്തുള്ള കോൺക്രീറ്റു വഴിയിലൂടെ താഴോട്ട് നടന്നു.
സെമിത്തേരിയുടെ താഴെ പറമ്പിൽ ചെന്നപ്പോൾ തൊമ്മി ദേവസ്യയെ നീട്ടിയൊന്നു വിളിച്ചു. എന്നിട്ട് താഴെ പറമ്പിലോട്ട് ഒറ്റ ചാട്ടം വച്ച് കൊടുത്തു.
   " ഹൗ"
പണ്ടാരമടങ്ങാൻ തൊട്ടാവാടിയുടെ മുള്ള് തൊമ്മിടെ കാലെൽ തന്നെ കൊണ്ടു.
ഒടുവിലെപ്പൊഴൊ കഴിച്ച മരുന്നിന്റെ കയ്പ്പ് ഇപ്പോഴും ദേവസ്യയുടെ വായിൽ കുടുങ്ങി കിടപ്പുണ്ടായിരുന്നു.അത് ഓക്കാനമായും ഛർദ്ധിയായും ഇടയ്ക്കിടെ പൊങ്ങി വരും. അയാള് ആ ശവപറമ്പ് മുഴുവൻ കാർക്കിച്ചും ഓക്കാനിച്ചും നടക്കും. തൊമ്മിയുടെ കരച്ചിലും വിളിയും കേട്ട് ദേവസ്യ ഞെട്ടി. എന്നിട്ട് ഓടി തൊമ്മിടെ അടുത്തെത്തി.
തൊമ്മി  "ഉഹു ഉഹു ''  എന്ന് കരഞ്ഞുക്കൊണ്ട് ചാടി ചാടി ദേവസ്യയുടെ അടുത്തോട്ട് ചേർന്ന് നിന്നു. ദേവസ്യ ചെളി നിറഞ്ഞ കൂർത്ത നഖങ്ങൾ നീട്ടി കാലേന്ന്  മുള്ള് വലിച്ചെടുത്ത് തൊമ്മിയെ കാണിച്ചു.
തൊമ്മി മുള്ളിനെ നോക്കി പല്ല് കടിച്ചു എന്നിട്ട് ദേവസ്യയോടായ്
  ഇയ്യോ... എന്റെ ദേവസ്യാച്ചാ... നിങ്ങള് ഈ കാട്ടിനകത്ത് എങ്ങനയാ കുത്തിയിരിക്കുന്നെ നിങ്ങൾക്ക് ആ മേളുത്തെ പറമ്പിലെങ്ങാനും വന്നു കുത്തിയിരിക്കാൻ മേലായോ?

  ഓഹ് പറ്റത്തില്ലെടാ ഊവേ അത് കർത്താവിന് നിരക്കാത്ത പണിയാ. ഞാൻ ഇവിടെത്തന്നെ ഇരുന്നോളാം.
ദേവസ്യ മറുപടി പറഞ്ഞു.
     അതൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത്. നിങ്ങളി പറയുന്ന കർത്താവല്ലേ അങ്ങേർക്ക് തന്നെ നിരക്കാത്ത പണി നിങ്ങളോട് കാണിെച്ചെ ...
തൊമ്മിക്ക് ദേഷ്യം വന്നു.

അത് നിനക്ക് കർത്താവിന്റെ അവസ്ഥ മനസിലാകാഞ്ഞിട്ടാ തൊമ്മിയെ...,
ദേവസ്യ കർത്താവിനെ സപ്പോർട്ട് ചെയ്തു. എന്നിട്ട് അടുത്ത് നിന്ന തൊട്ടാവാടിടെ ഇല ഞെരടി മുള്ള് കൊണ്ടോടത്ത് ചേർത്ത് വെച്ചു.
ചാകുന്നേനും അഞ്ച് കൊല്ലം മുന്നയാ ദേവസ്യ നല്ല ജീവനോടെ പള്ളിപറമ്പിലൊന്ന് കേറുന്നെ .അത് മൂത്തവടെ കല്യാണത്തിന്റെ കാര്യത്തിനും മറ്റുമായാണ് . ആൾക്കാര് ഒരുപാട് കൂടുന്നതല്ലേ ആ പാരിഷ്ഹാളിന്റെ കാര്യം ചോദിക്കണമെന്ന് പെമ്പ്രന്നോള് പറഞ്ഞാവിട്ടത് .കൊച്ചോലിക്കലെ വീട്ടിൽ മനസമ്മതത്തിന്റെ കാര്യവും പറഞ്ഞ് തിരിച്ച് നടന്ന് കലിംങ്കിന്റെ വക്കത്ത് ചെന്നപ്പോളാ ദേവസ്യ ആ കാര്യം ഓർത്തത്.ദേവസ്യയുടെ ശോഷിച്ച കാലുകൾ വേഗം പള്ളിലോട്ടോടി.വല്യച്ചൻ പള്ളിടെ മുമ്പിലെ മാവിന്റെ ചോട്ടിലിരുന്നു പൊഴിഞ്ഞു വീണ കണ്ണിമാങ്ങ പെറുക്കുവാരുന്നു.
ദേവസ്യ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ കപ്യാരെ കാണാൻ പറഞ്ഞു. റെജിസ്റ്ററിൽ തിയതി നോക്കിയപ്പോൾ അന്നേ ദിവസം വേറെ കല്യാണമൊന്നും ബുക്ക് ചെയ്തിട്ടില്ലന്നും ഇപ്പോൾ കുറച്ച്  പൈസ അഡ്വാൻസ് ചെയ്യണമെന്നും പറഞ്ഞു.
ദേവസ്യ  "ഒ'' എന്ന് മൂളിക്കൊണ്ട് അരയിൽ നിന്ന് പ്ലാസ്റ്റിക്ക് പൊതി എടുത്ത് അഴിക്കാൻ തുടങ്ങി. ബാക്കി മുപ്പത്തിയൊൻപതിനായിരം കല്യാണത്തിന്റെ ഒരാഴ്ച മുൻപ് അടച്ച് രസീത് വാങ്ങണമെന്ന് പൈസ എണ്ണി തിട്ടപ്പെടുത്തുന്ന കൂട്ടത്തിൽ കപ്യാർ കൂട്ടി ചേർത്തു.
        " കർത്താവെ "
ദേവസ്യ നിന്നോടത്തൂന്ന് നിലവിളിച്ച് പോയി.
അത്രേം പൈസകൂടി കൈയ്യിലൊണ്ടാരുന്നേൽ ചെറുക്കന്റെ വീട്ടുക്കാർക്ക് ഇച്ചൂടെ കൊടുത്ത് കൊച്ചിനെ അവർടെയൊക്കെ കുത്തുവാക്കിന്നും പരിഹാസത്തിന്നൊക്കെ അൽപം ആശ്വാസം കൊളളിക്കാൻ പറ്റിയേനെ.
ദേവസ്യ കണ്ണും മിഴിച്ചോണ്ട് വല്യച്ചന്റെടുത്തേക്ക് ചെന്നു. സഭയിലെ പൊതുജനത്തെ തുല്യനായ് കാണുന്ന ആ വൈദീകന് ദേവസ്യയെ മാറ്റി നിർത്താൻ കഴിയുമായിരുന്നില്ല.
ഒടുക്കം ദേവസ്യ വിട്ട് മുറ്റത്ത് ഒരു പന്തല് കെട്ടി. പന്തലും പാത്രവും മറ്റ് അലങ്കാരങ്ങളൂടി പള്ളി ചോദിച്ചതിന്റെ പാതില് നിന്നു. ഒരു ഏഴ് എട്ട് തവണ ഇരുത്തി വന്നോർക്കെല്ലാം ഭക്ഷണം കൊടുത്തു.
'പാരിഷ് ഹാളിലാരുന്നേൽ ഒറ്റയടിക്ക് തീർക്കാരുന്നു'
കല്യാണപുരേൽ തിരക്കിട്ട് നടക്കുന്ന അപ്പനോട് ഇടയ്ക്കിടെ നാൻസി പറഞ്ഞോണ്ടിരുന്നു. അവളുടെ അഭിമാനത്തിന് ക്ഷതം സംഭവിച്ചിരിക്കുന്നു.. എന്നാൽ മുത്തവൾക്ക് അപ്പന്റെ കഷ്ടപ്പാട് അറിയാരുന്ന് കേട്ടോ.കല്യാണം നടത്താൻ കടം മേടിച്ച് നടക്കണ അപ്പനെ കണ്ടപ്പോൾ അവൾക്ക് സഹിച്ചില്ല. ട്യൂഷൻ പഠിപ്പിച്ചേന്റെയും തയ്ച്ച് കിട്ടിയേന്റെയൊക്കെ വീതം അണ പൈസ എടുക്കാതെ അപ്പന്റെ കൈയ്യിൽ കൊണ്ട് കൊടുത്തപ്പോൾ ആ ദുർബലനായ പിതാവിന്റെ കണ്ണ് നിറഞ്ഞുപ്പോയി. കെട്ട് കഴിഞ്ഞ് ചെക്കന്റെ കൈയ്യും പിടിച്ചിറങ്ങാൻ നേരം അപ്പനെ കെട്ടിപിടിച്ച് അവളൊര് കരച്ചില് കരഞ്ഞു. കർത്താവാണെ അവിടെ നിന്ന ഒരു മനുഷ്യനും അത് സഹിക്കാൻ പറ്റത്തില്ലാരുന്നു.
രാത്രിയായപ്പോൾ കല്യാണ പന്തല് അലങ്കാരങ്ങളൊക്കെ ഒഴിഞ്ഞ് വെറും പന്തലായ് മാറി. അതിന്റെ ചോട്ടിലിരുന്നു കുടുംബക്കാരെല്ലാരുടെ ചുമ്മാ ഓരോ വിശേഷങ്ങള് വർത്താനിക്കുവാരുന്നു.
അമാച്ചന്മാരും കുറെ പിള്ളേരൂടി കൂടി ഒരു മൂലേലിരുന്നു കള്ള് പിടിപ്പിക്കുകയും ചീട്ട് നിരത്തുകയും ചെയ്തു. ഒരുപാട് നാളിന് ശേഷം എല്ലാവരും ഒത്ത് ചേർന്നതിന്റെ വിശേഷം വിളമ്പുവാരുന്നു പെമ്പ്രന്നോരുടെ നാത്തുന്മാരും മറ്റ് മഹിളകളും.
പാരിഷ് ഹാളിന്റെ ചെലവും മറ്റും ഓർത്താൽ ഇത് തന്നെയാ ലാഭം...      - ദേവസ്യ കൂട്ടി ചേർത്തു.
       'എന്റെ കല്യാണം പരിഷ് ഹാളിൽ മതി വീട്ടിൽ നടത്താൻ ഞാൻ സമ്മതിക്കത്തില്ല'.
ഇളയ കാർന്നോർക്ക് കട്ടൻ ചായ പകരുന്നതിനിടക്ക് നാൻസി വിളിച്ച് പറഞ്ഞു.
   'അയ്യടാ നിന്നെ കെട്ടിക്കുവാന്നാരാ പറഞ്ഞത്.... നിന്നെ ഞങ്ങള് മoത്തില് വിടാൻ പോകുവല്ലെ '
വളരെ പ്രയാസപ്പെട്ട് തന്റെ ഇടത്തെ കണ്ണിറുക്കിക്കൊണ്ട് മുത്തമ്മായി വിളിച്ച് പറഞ്ഞു.
നാൻസിടെ മുഖം പെട്ടെന്നങ്ങ് വാടിപോയി.
ഉറങ്ങാൻ കിടന്നപ്പോൾ തലയിൽ തലോടിക്കൊണ്ടിരുന്ന അമ്മച്ചിയോട് അമ്മായി പറഞ്ഞത് നേരാണോന്ന് നാൻസി തെരക്കി.
'നീ മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് കൊച്ചെ ' എന്നും പറഞ്ഞു അമ്മച്ചി കൂർക്കംവലിച്ചു.
അമ്മച്ചിടെ കൈ തട്ടി മാറ്റിയിട്ട് നാൻസി തിരിഞ്ഞു കിടന്നു.
പിറ്റേന്ന് ബന്ധുക്കളെല്ലാം വീട് വിട്ടിറങ്ങിയപ്പോൾ നാൻസിമോനെ ചേർത്ത് പിടിച്ച് 'അങ്ങനെ ഞങ്ങടെ കൊച്ചിനെ പള്ളിക്ക് കൊടുക്കാൻ പറ്റത്തില്ലെന്നും പറഞ്ഞു ' അമ്മായി ഒരുമ്മ കൊടുത്തപ്പോളാണ് നാൻസിടെ മുഖം ഒന്ന് വിടർന്നത്.

നാൻസി ഇപ്പോൾ മഠത്തിലാണ്. അവിടെ പിള്ളെരെ നോക്കിയും വയ്യാത്ത കന്യാസ്ത്രിയമ്മമാരെ പരിചരിച്ചും അവളങ്ങനെ ജീവിക്കുവാ. അവളുടെ ആ പഴയ ചിരിയും ബഹളവുമൊക്കെ അങ്ങ് പോയി. ഇടയ്ക്കിടെ അവളുടെ അമ്മച്ചിയെ പോയി കാണും വല്ലപ്പോഴും അപ്പനെയും .അപ്പനോട് അവൾക്ക് നല്ല ദേഷ്യം കാണും. അവളെ കാണുമ്പോൾ ദേവസ്യ വായിൽ പതഞ്ഞു വരുന്ന വിഷ തുപ്പല് അങ്ങ് മിഴുങ്ങി കളയും.
കടം കയറി മുണ്ടപ്പാളം തെറ്റിയപ്പോൾ ദേവസ്യ ഒന്നൂടെ പള്ളിവാതുക്കൽ വരെ പോയി. കുർബ്ബാന നടക്കുവാരുന്നു. പള്ളി നിറച്ചും ആൾക്കാരാ... അവർക്കിടയിലൂടെ ദേവസ്യ കർത്താവിനെ ഒന്ന് നോക്കി. വളരെയധികം പീഡിതനും അവശനുമായ കർത്താവ് അൾത്താരയ്ക്ക് മുകളിൽ കുരിശിൽ കോർത്ത് കിടക്കുവാരുന്നു. ദേവസ്യയെ കണ്ടപ്പോൾ കർത്താവ് തന്റെ കീഴ്പോട്ട് ചെരിഞ്ഞു പോയ തല ഉയർത്തി ഒന്ന് നോക്കി .അത്രയും വേദന അനുഭവിക്കുന്ന കർത്താവിനെ ദേവസ്യ അന്നാദ്യമായാണ് കാണുന്നത്. പിന്നെ അയാൾക്കൊന്നും കർത്താവിനോട് പറയാൻ തോന്നിയില്ല എന്നതാണ് വാസ്തവം.
കലിംങ്കിന്റെ അവിടുന്ന് തിരിഞ്ഞ് തോട്ടിലോട്ട് കേറുമ്പോഴാ കുറുബാനക്കിറങ്ങി വരുന്ന പെമ്പ്രന്നോരയും നാൻസിയെയും കണ്ടത്. നാൻസി സാരിയാണുടുത്തിരിക്കുന്നത്.ദേവസ്യ അവളെ തന്നെ അങ്ങനങ്ങ് നോക്കി നിന്നു. അവള് അടുത്ത് വന്നപ്പോ ആ പിതാവ് അവളെ ചേർത്ത് പിടിച്ച് അപ്പന്റെ മോള് സുന്ദരിയായല്ലോന്നും പറഞ്ഞ് നെറ്റിയിലൊരു മുത്തം വെച്ച് കൊടുത്തു. '' അയ്യെ " ഈ അപ്പച്ചൻ എന്റെ പൊട്ടിളക്കി കളഞ്ഞെന്നും പറഞ്ഞ് അവള് മുന്നോട്ടോടി.
നിർഭാഗ്യവാനായ ആ അപ്പൻ മകളുടെ ദേഷ്യപ്പെടലും കുണുങ്ങിക്കൊണ്ടുള്ള വർത്താനവും കണ്ട് തന്റെ മോണ കാട്ടി ഒന്ന് ചിരിച്ചു.
ദേവസ്യാച്ചൻ പിന്നിട് അതുപൊലൊന്ന് ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല കേട്ടോ........
"അതെ കൊച്ചെ കർത്താവിനെ അധികം വേദനിപ്പിക്കല്ലെ "
വേഗത്തിൽ നടന്ന് നീങ്ങുന്ന പെമ്പ്രന്നോരൊട് സാധുവായ ഭർത്താവ് വിളിച്ച് പറഞ്ഞു.
അവരത് കേട്ടില്ലന്ന് തോന്നുന്നു. അല്ലെങ്കിൽ കേട്ടിട്ടും കേൾക്കാത്ത പോയ നടന്നതാവും.
വീടിന്റെ പടിഞ്ഞാറെ വശത്തെ ചായ്പിൽ പോയി കുറച്ച് നേരം  കുത്തിയിരുന്നു. പെമ്പ്രന്നോരെ പറ്റിയൊന്നാലോചിച്ചു.അവളുടെ കണ്ണ് എപ്പോഴും നിറഞ്ഞാണ് ഇരിക്കുന്നത്. സന്തോഷം വന്നാലും സങ്കടം വന്നാലും ആ കണ്ണിന് യാതൊരു മാറ്റവും വരുത്തില്ല. കണ്ണിൽ നിന്ന് ഇപ്പോ ഒരു തുള്ളി വീഴും എന്ന് നമുക്ക് തോന്നിപ്പോകും. വേണ്ട അവളെ പറ്റി ഒന്നും ആലോചിക്കണ്ട, അവളെയെന്നല്ല ആരെയും പറ്റി ആലോചിക്കുന്നില്ല.
കൈയ്യിൽ കരുതിയ കയ്പ്പ് നീര് കണ്ണടച്ച് ഒറ്റ വലിക്ക് കുടിച്ചു .കുറച്ച് ഛർദ്ധിച്ചു .പിന്നെ അനങ്ങാതെ കിടന്നു.

വെള്ള പുതപ്പിച്ച് പള്ളി വാതിക്കലിൽക്കൊണ്ട് വെച്ചപ്പോൾ കർത്താവിനെ ഒന്നൂടൊന്ന് നോക്കി.
"എനിക്കൊന്നും ചെയ്യാൻ പറ്റിയില്ലടാ ഊവെന്നും" പറഞ്ഞ് കർത്താവ് അതെ നിൽപ് നിന്നു.
"സാരമില്ലന്നും "പറഞ്ഞ് ദേവസ്യ കർത്താവിനെ ആശ്വസിപ്പിച്ചു.
സെമിത്തേരിയുടെ താഴെ പറമ്പിൽ കുഴികുത്തി അധികം ശ്രുശ്രുഷകൾ ഇല്ലാതെ ആളുകൾ പിരിഞ്ഞപ്പോൾ മേലെ പറമ്പിലെ ആൾക്കാരെല്ലാരൂടി മിഴിച്ച് നോക്കി.
ദേവസ്യ ഇപ്പോഴും മേലെ പറമ്പില് കേറത്തില്ല. അത് രാത്രിയിലും ഇല്ല പകലും ഇല്ല. അങ്ങോട്ട് ചെന്നാൽ എല്ലാരോടും കാര്യകാരണങ്ങള് സഹിതം വിളമ്പേണ്ടി വരും.കൂടാതെ അപ്പനും അപ്പാപ്പന്മാരുമെല്ലാം അവിടെ കെടപ്പുണ്ട് അവരോടെക്കെ സമാധാനം പറയേണ്ടി വരും. എനിക്കതിനൊന്നും കഴിയത്തില്ല. എന്റെ പ്രശ്നങ്ങളും ദുരിതങ്ങളും എന്നൊടൊപ്പം അങ്ങ് ഇല്ലാതായി പോകട്ടെ. നിത്യതയിൽ ഉറങ്ങുന്ന ഇവരുടെയൊക്കെ ഉറക്കം കളയാൻ എനിക്ക് പറ്റത്തില്ലെന്നും പറഞ്ഞ് ദേവസ്യ മനപൂർവ്വം അങ്ങ് ഒഴിവാകും.
തൊമ്മി മിക്കപ്പോഴും വന്നു വിളിക്കും വർത്താനം പറയാൻ.
ന്ദേ..ഹെ....
അയാൾക്ക് യാതൊരു മാറ്റവുമില്ല.
എന്റെ പൊന്നു ദേവസ്യേ നിന്റെ ഉള്ളിലെ കർത്താവ് എന്നും ക്രൂശിക്കപ്പെട്ടവനാ.. അത്ഭുതങ്ങൾ പ്രവർത്തിച്ചവൻ നിന്റെ പരിസരത്ത് പോലും എത്തിട്ടില്ല.
ഇത്രയും പറഞ്ഞ് തൊമ്മി യാതൊരു അന്തവുമില്ലാതങ്ങ് നടക്കും.
ദേവസ്യ മേലെ പറമ്പിലോട്ട് നോക്കി.
വർക്കിച്ചൻ ഗ്രേസമ്മയോട് യാത്രയും പറഞ്ഞ് പോകുവാരുന്നു. വർക്കിച്ചന്റെ ആ പോക്കും നോക്കി നിൽക്കുന്ന ഗ്രേസമ്മയെ കണ്ടപ്പോൾ ദേവസ്യ തന്റെ പെമ്പ്രന്നോളെ ഓർത്ത് പോയി.
ആരൊക്കെയോ വന്ന് തന്റെ കല്ലറക്കരികിൽ കുഴികുത്തണത് കേട്ടാണ് ദേവസ്യ ഓർമ്മയിൽ നിന്നുണർന്നത്
   "പെടുമരണമല്ലെല്ലോടാ പിന്നെന്തിനാടാ ഇവിടെ കുഴിക്കണത് "?
   ''അവർക്ക് മൂപ്പിലാന്റടുത്ത് കെടക്കണമെന്ന് "
കൂട്ടത്തിലൊരുത്തൻ മണ്ണ് മാന്തിക്കൊണ്ട് പറഞ്ഞു.

Comments

Popular posts from this blog

3 ജി

മരുമക്കത്തായം